മാഡ്രിഡ്: ആരാധക പ്രതിഷേധത്തെ തുടർന്ന് റയോ വയ്യെക്കാനോയും അത്ലറ്റിക് ബിൽബാവോയും തമ്മിലുള്ള ലാ ലിഗ മത്സരം ഉപേക്ഷിച്ചു. മത്സരത്തിനിടെ ആരാധകർ മൈതാനത്തേക്ക് പേപ്പർ വിമാനങ്ങളും റബർ പന്തുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ എറിഞ്ഞതോടെയാണ് കളി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ക്ലബ് പ്രസിഡന്റ് റൗൾ മാർട്ടിൻ പ്രെസയ്ക്കെതിരെയാണ് ആരാധകർ പ്രതിഷേധം നടത്തിയത്. മത്സരം ആരംഭിച്ച് 13-ാം മിനിറ്റിലാണ് പ്രതിഷേധം തുടങ്ങിയത്. മാർട്ടിൻ പ്രെസ ക്ലബ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് റയോ വയ്യെക്കാനോ ആരാധകർ മുദ്രാവാക്യം വിളിക്കുകയും മൈതാനത്തേക്ക് വിവിധ വസ്തുക്കൾ എറിയുകയും ചെയ്തു. ഇതോടെ റഫറി മത്സരം താൽക്കാലികമായി നിർത്തിവെച്ചു.
മൈതാനത്തെ വസ്തുക്കൾ നീക്കം ചെയ്തശേഷം 15 മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം കളി പുനരാരംഭിച്ചെങ്കിലും ആരാധകരുടെ പ്രതിഷേധം തുടർന്നു. ഇതോടെയാണ് മത്സരം പൂർണമായി ഉപേക്ഷിക്കാൻ റഫറി തീരുമാനിച്ചത്. മത്സരം നിർത്തുമ്പോൾ ഇരു ടീമുകളും ഗോൾ നേടിയിരുന്നില്ല. ക്ലബ് മാനേജ്മെന്റിനോടും സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളോടുമുള്ള കടുത്ത അതൃപ്തിയാണ് പ്രതിഷേധത്തിന് പിന്നിൽ.
റയോ വയ്യെക്കാനോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡി വയ്യെക്കാസ് താൽക്കാലികമായി അടച്ചിട്ടിരുന്നു. പരിശീലന ഗ്രൗണ്ടിന്റെയും കളിക്കളത്തിന്റെയും മോശം അവസ്ഥയെക്കുറിച്ച് താരങ്ങളും നേരത്തേ പരാതിപ്പെട്ടിരുന്നു. ശുചീകരണത്തിലെ വീഴ്ചകൾ, ചൂടുവെള്ളത്തിന്റെ ലഭ്യതക്കുറവ്, ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട നിര എന്നിവയും വിമർശനങ്ങൾക്ക് ഇടയാക്കി.
സ്റ്റേഡിയം അടച്ചിട്ടതിനെ തുടർന്ന് സീസണിലെ ആദ്യ മൂന്ന് ഹോം മത്സരങ്ങൾ ലെഗാനെസിലേക്ക് മാറ്റേണ്ടിവന്നതും ആരാധകരുടെ പ്രതിഷേധത്തിനിടയാക്കി. എന്നാൽ പ്രാദേശിക അധികൃതർ തങ്ങളുടെ ക്ലബിനെ ലക്ഷ്യമിടുകയാണെന്നാണ് പ്രസിഡന്റ് പ്രെസയുടെ ആരോപണം.